ഗൗതമന്റെ യാത്രകൾ
"അമ്മേ...." ബാത് റൂമിൽ നിന്നും ഉച്ചത്തിലുള്ള വിളി കേൾക്കുന്നുണ്ട്. മീര അടുക്കളയിൽ നിന്നും അനങ്ങിയില്ല. പുതിയ സന്തൂർ സോപ്പിനടിയിൽ തേഞ്ഞ് തീരാറായ ലക്സ് സോപ്പ് ഒട്ടിച്ചു വച്ചതിലുള്ള കലിപ്പാണ് ബാത് റൂമിൽ നിന്നുള്ള വിളി. ഇത്തരം ചെറിയ ചെറിയ കരുതലിലൂടെയാണ് സ്ക്കൂൾ ടീച്ചറായ മീര ബഡ്ജറ്റ് മുന്നോട്ടു കൊണ്ടുപോകുന്നത്. "നിസ്സാരമെന്നു തോന്നുന്ന കാര്യങ്ങളിലൂടെയായിരിക്കാം നമ്മളറിയാതെ നമ്മുടെ പോക്കറ്റ് കാലിയാവുന്നത്." ഗൗതമിന്റെ വാക്കുകൾ ഓർത്തു നില്ക്കെ കുക്കറിന്റെ ചൂളം വിളി മുഴങ്ങി. അടുക്കള വെറുമൊരു വെപ്പുപുര മാത്രമല്ലായിരുന്നു അവൾക്ക്. അതൊരു എഴുത്തുപുരയും മെഡിറ്റേഷൻ സെന്ററുമൊക്കെയാണ്. "എടാ എന്തായി..... നീ ഇറങ്ങിയോ?" ബാഗിൽ ആവശ്യമുള്ള സാധനങ്ങൾ വയ്ക്കുന്നതിനിടയിൽ ഫോൺ സ്പീക്കറിലിട്ട് സംസാരിക്കുകയായിരുന്നു ഗായത്രി. "ആരാ ഉണ്ണീ... അപ്പുവാ ?" മീര കയ്യിലിരുന്ന ചായക്കപ്പ് മേശപ്പുറത്ത് വച്ചു കൊണ്ട് ചോദിച്ചു. "അതേ അമ്മേ. അപ്പ്വേട്ടൻ ബൈക്കെടുക്കാംന്ന് പറഞ്ഞു" മൊബൈൽ ലൗഡ് സ്പീക്കർ ഓഫ് ചെയ്ത് ചെവിയോട് ചേർത്തു വച്ചു കൊണ്ട് ഗായത്രി പറഞ്ഞു. "Ok നീ വേഗം വാ" ഫോണി...