ഗൗതമന്റെ യാത്രകൾ
"അമ്മേ...."
ബാത് റൂമിൽ നിന്നും ഉച്ചത്തിലുള്ള വിളി കേൾക്കുന്നുണ്ട്.
മീര അടുക്കളയിൽ നിന്നും അനങ്ങിയില്ല.
പുതിയ സന്തൂർ സോപ്പിനടിയിൽ തേഞ്ഞ് തീരാറായ ലക്സ് സോപ്പ് ഒട്ടിച്ചു വച്ചതിലുള്ള കലിപ്പാണ് ബാത് റൂമിൽ നിന്നുള്ള വിളി.
ഇത്തരം ചെറിയ ചെറിയ കരുതലിലൂടെയാണ് സ്ക്കൂൾ ടീച്ചറായ മീര ബഡ്ജറ്റ് മുന്നോട്ടു കൊണ്ടുപോകുന്നത്.
"നിസ്സാരമെന്നു തോന്നുന്ന കാര്യങ്ങളിലൂടെയായിരിക്കാം നമ്മളറിയാതെ നമ്മുടെ പോക്കറ്റ് കാലിയാവുന്നത്."
ഗൗതമിന്റെ വാക്കുകൾ ഓർത്തു നില്ക്കെ കുക്കറിന്റെ ചൂളം വിളി മുഴങ്ങി.
അടുക്കള വെറുമൊരു വെപ്പുപുര മാത്രമല്ലായിരുന്നു അവൾക്ക്.
അതൊരു എഴുത്തുപുരയും മെഡിറ്റേഷൻ സെന്ററുമൊക്കെയാണ്.
"എടാ എന്തായി..... നീ ഇറങ്ങിയോ?"
ബാഗിൽ ആവശ്യമുള്ള സാധനങ്ങൾ വയ്ക്കുന്നതിനിടയിൽ ഫോൺ സ്പീക്കറിലിട്ട് സംസാരിക്കുകയായിരുന്നു ഗായത്രി.
"ആരാ ഉണ്ണീ... അപ്പുവാ ?"
മീര കയ്യിലിരുന്ന ചായക്കപ്പ് മേശപ്പുറത്ത് വച്ചു കൊണ്ട് ചോദിച്ചു.
"അതേ അമ്മേ. അപ്പ്വേട്ടൻ ബൈക്കെടുക്കാംന്ന് പറഞ്ഞു"
മൊബൈൽ ലൗഡ് സ്പീക്കർ ഓഫ് ചെയ്ത് ചെവിയോട് ചേർത്തു വച്ചു കൊണ്ട് ഗായത്രി പറഞ്ഞു.
"Ok നീ വേഗം വാ"
ഫോണിൽ മറുപടി പറഞ്ഞ് അവൾ അമ്മയെ നോക്കി.
"സത്യത്തിൽ ഇതെന്താപരിപാടി ?
നിങ്ങൾ രണ്ടാളും കൂടി വല്ല ഏടാകൂടവും ഒപ്പിക്കാനുള്ള പോക്കാണോ ?"
"അങ്ങനെ ഒന്നുമില്ല മീരാഭായ്. ഞങ്ങൾ ഞങ്ങൾടെ കോളേജ് മാഗസിനു വേണ്ടി പ്രശസ്ത നർത്തകി സാക്ഷാൽ അനാമികയെ ഇന്റർവ്യൂ ചെയ്യാൻ പോകുന്നു."
മറുപടി പറയുന്നതോടൊപ്പം ചായ ഊതിക്കുടിക്കുന്നതിനിടയിൽ ഗായത്രി വാട്സാപ്പിൽ വന്ന മെസേജുകൾക്ക് ഒരു കൈ കൊണ്ടു തന്നെ ചറപറാന്ന് റിപ്ലേ ചെയ്തു കൊണ്ടിരുന്നു.
പത്തു മിനിറ്റിനുള്ളിൽ അപ്പു എത്തിയപ്പോഴേക്കും ഗായത്രി പ്രാതൽ കഴിച്ച് ബാഗുമായി റെഡിയായി.
മഞ്ഞ ചുരിദാറിൽ അവൾ എന്നത്തേക്കാളും സുന്ദരിയായിരുന്നു.
"അമ്മേ റ്റാറ്റാ "
"ആന്റീ പോയിട്ടു വരാം"
രണ്ടു പേരും ബൈക്കിൽ പോകുന്നതും നോക്കി മീര ഉമ്മറത്തു തന്നെ നിന്നു.
ദേവനെ എല്ലാവർക്കും വലിയ ഇഷ്ടമാണ്. മീരയുടെ ഒപ്പം വർക്കു ചെയ്യുന്ന ഷാജി മാഷുടെ മകനാണ്.
ആരും അവനെ പേരു വിളിക്കാറില്ല. എല്ലാവർക്കും അവൻ അപ്പുവാണ്.
"അപ്പ്വേട്ടാ നമുക്ക് ആറങ്ങോട്ടുകര വഴി പോവാം"
പട്ടാമ്പിയിൽ നിന്നും ഭാരതപ്പുഴ മുറിച്ചു കടന്നു വേണം ആറങ്ങോട്ടുകരയിലെത്താൻ.
അതിലും എളുപ്പം മേലേ പട്ടാമ്പിയിൽ നിന്നും കുളപ്പുള്ളി വഴി പോകുന്നതാണ് എന്നിരുന്നാലും അവൻ ബൈക്ക് ആറങ്ങോട്ടുകര വഴിവിട്ടു.
ഞാങ്ങാട്ടിരി അമ്പലം കഴിഞ്ഞാൽ തിരുമിറ്റക്കോട് പാടമാന്ന്.
ഹെൽമറ്റൂരി കയ്യിൽ പിടിച്ച് കാറ്റാസ്വദിച്ചു കൊണ്ടുള്ള യാത്രയാണ്.
ആറങ്ങോട്ടുകര സെന്റർ വിട്ടാൽ സോപാനം അക്കാദമിയാണ്. അതിനു പിറകിലാണ് സാക്ഷാൽ കുറിയേടത്തു താത്രിയുടെ ഇല്ലപ്പറമ്പ്.
കലാമണ്ഡലത്തിന് മുന്നിലെത്തിയപ്പോൾ അവർ വണ്ടി നിർത്തി. സൂര്യയും ഭരതും അഞ്ജനയും അനിലയുമെല്ലാം ഇവിടെ നിന്നും കൂടെക്കൂടാം എന്നാണ് പറഞ്ഞിരുന്നത്.
മാത്രവുമല്ല, അനാമിക പഠിച്ച ക്യാമ്പസിന്റെ കുറച്ചു വിഷ്വൽസ് കൂടി പകർത്തേണ്ടതുണ്ടായിരുന്നു.
"follow me"
ബൈക്കിന്റെ പിറകിലിരുന്നു കൊണ്ട് മറ്റുള്ളവരോട് ചിരിച്ചു കൊണ്ട് ഒരാംഗ്യം കാണിച്ചപ്പഴേക്കും ദേവൻ ബൈക്ക് മൂവ് ചെയ്തു കഴിഞ്ഞിരുന്നു.
അതവൾ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.
Comments
Post a Comment